Friday, July 31, 2015

സിപിഎം വധശിക്ഷക്ക് എതിരാണത്രെ!

 ഈ  നൂറ്റാണ്ടിലെ  ആശ്ചര്യകരമായ പ്രസ്താവന നടത്തി സിപിഎം പോളിറ്റ് ബ്യൂറോ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ബോംബെ ബോംബ്‌ സ്ഫോടന കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ റദ്ദു ചെയ്യണമെന്നും ശിക്ഷ ജീവപര്യന്തമാക്കണമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടിരുന്നു. വധ ശിക്ഷക്ക് പാർട്ടി എതിരാണെന്നാണ്  പോളിറ്റ് ബ്യൂറോ  പറയുന്നത്.

എല്ലാ ദയാപേക്ഷകളും റദ്ദ് ചെയ്താണ്  സുപ്രീം കോടതി യാക്കൂബിനെ ജൂലായ്‌ 30നു നാഗ്പൂർ ജയിലിൽ വെച്ച് തൂക്കിക്കൊല്ലാൻ വിധിച്ചത് . 1993 ൽ ബോംബെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ യാക്കൂബിന്റെയും സഹോദരന്മാരുടേയും നേതൃത്വത്തിൽ നടത്തിയ ഭീകര ബോംബ്‌ സ്ഫോടനത്തിൽ 257 നിരപരാധികൾ വധിക്കപെടുകയും 713 പേർക്കു  പരിക്ക് പറ്റുകയും ചെയ്തു.

ഈ കൊടും ഭീകര വധങ്ങൽക്കു  മുഖ്യ ഉത്തരവാദിയായ യാക്കൂബിനെ വധശിക്ഷയിൽ നിന്നും ഇളവു ചെയ്യണം എന്ന് പറയുന്ന സിപിഎമ്മിനുണ്ടായിരിക്കുന്ന മാനസാന്തരം പ്രസ്തുത പാർട്ടി ദയവാധികളായി മാറിയിരിക്കുന്നു എന്നാണോ?

സോവ്യറ്റ്  യൂണിയനിൽ കമ്മ്യൂണിസ്റ്റ്  വിപ്ലവ  നേതാക്കളായ ടോട്ട്സ്കി, ബുക്കാറിൻ തുടങ്ങി തനിക്കെതിരെന്നു തോന്നുന്ന സർവ്വ മാനവരേയും  കൊന്നൊടുക്കിയ സഖാവ് സ്റ്റാലിൻ തന്നെയല്ലേ ഇപ്പോഴും സിപിഎം ൻറെ ആത്മീയ വിപ്ലവ ആചാര്യൻ. സ്റ്റാലിന്റെ പടവും പ്രതിമകളും ഓർമ്മകളും സോവ്യറ്റ് മണ്ണിൽ നിന്നും പിഴുതെറിഞ്ഞിട്ടും സിപിഎം ഓഫീസുകളിൽ സ്റാലിൻ ഇപ്പോഴും മുഖ്യ ആരാധനമൂർത്തിയാണല്ലോ. പല കമ്മ്യൂണിസ്റ്റ് നാടുകളിലും രാഷ്ട്രീയ എതിരാളികളെ (സ്വന്തം പാർട്ടിയിൽ പെട്ടവരെയും) നിർഭയം വധിക്കാൻ വിധിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവ ശിങ്കങ്ങൾ സിപിഎം മനസ്സിൽ നിന്നും ഇന്നും മാഞ്ഞുപോയിട്ടില്ലല്ലോ.

ഇന്നവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് നാടുകളിൽ വധശിക്ഷ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. അതിലൊന്നും സിപിഎം പിബി അസ്വാഭാവികത കാണുന്നില്ല. അതവിടെയിരിക്കട്ടെ ഇവിടെ ഇന്ത്യയിൽ പ്രത്യേകിച്ചും ബംഗാളിലും ത്രിപുരയിലും കേരളത്തിലും എത്രയെത്ര പേരെയാണ് കമ്മ്യൂണിസ്റ്റ് കോടതിയുടെ വിധി പ്രകാരം വധിച്ചു കളഞ്ഞത് . കൊല ചെയ്യപ്പെട്ടവർക്ക്  തങ്ങളുടെ ഭാഗം വാദിക്കാനോ ഒരു ചെറു മൊഴി രേഖപ്പെടുതാനോ അവസരം നല്കാതെയാണ് നിമിഷങ്ങൾ കൊണ്ട്  നിഷ്കരുണം ഭൂമുഖത്ത് നിന്ന് പറഞ്ഞയച്ചത്. ആ വധ വിധികൾ തെറ്റാണെന്ന്  പാർട്ടി പിബിക്ക്  ഇപ്പോഴും ബോധ്യമായിട്ടില്ലല്ലോ.

എന്തിനധികം ചെങ്കൊടി ഉയർത്താൻ ചങ്കു കാണിക്കാൻ പോലും ആത്മധൈര്യം കാണിച്ച ടിപി ചന്ദ്രശേഖരനെ ഒരു വിശദീകരണവും ചോദിക്കാനോ പ്രായശ്ചിത്തം നടത്താനോ അവസരം നല്കാതെയല്ലെ അമ്പത്തൊന്നു വെട്ടുകൊണ്ടു ഇല്ലാതാക്കിയത്. ആ കേസിലെ ചെറുതും വലുതുമായ പ്രതികൾക്കെല്ലാം പാർട്ടി പിബി ക്ലീൻ സർട്ടിഫിക്കറ്റല്ലേ നല്കിയത് . ഒരാളെ പിടിച്ച്‌  ജില്ലാ സെക്രട്ടറിയും ആക്കിയിരിക്കുന്നു.

ഹൈന്ദവ വർഗ്ഗീയതയുടെ ഹലെലുയ്യ കേൾക്കാൻ ആവേശം മൂത്ത സിപിഎം കൊലയാളികൾ എത്ര മുസ്ലീം സഹോദരന്മാരെയാണ് ബോംബ്‌ പൊട്ടിച്ചും കൊടുവാൾ കൊണ്ടും ഭീകരമായി കൊലപ്പെടുത്തിയത് . മാർക്സിസ്റ്റ്‌ കോടതി വിധിയല്ലേ ഈ കാപാലികത്വത്തിനാധാരം.

തലശ്ശേരിയിൽ ചെങ്കൊടി പിടിച്ച്  കോടിയേരിക്ക് വേണ്ടി വോട്ട് പിടിക്കുകയും ദേശാഭിമാനി വിറ്റു നടക്കുകയും ചെയ്ത ഫൈസലിനെ കൊലപ്പെടുത്താൻ കാരായിമാർക്ക്‌ വിധി നല്കിയതാരാണ്? ഫൈസലിനെ അറുകൊല ചെയ്യുന്നതിനു മുമ്പ് മാർക്സിസ്റ്റ്‌ കോടതി ആ ചെറുപ്പക്കാരന്  തന്നെ എന്തിനു കൊലപ്പെടുത്തുന്നു എന്ന് സഖാക്കളോട് ഒന്ന് കരഞ്ഞു ചോദിക്കാനുള്ള അവസരമെങ്കിലും നല്കിയോ?

പട്ടുവത്തെ അരിയിൽ ഷുക്കൂർ  ചെയ്തുവെന്ന് മാർക്സിസ്റ്റ്‌ കോടതി പറയുന്ന കുറ്റം എന്തായിരുന്നു. ജില്ലാ  സെക്രട്ടറിയുടെ  കാർ തടഞ്ഞുവെച്ച് കാറിന് മണ്ണ് പൂശിയെന്നതായിരുന്നു (പുറത്ത് പറയുന്നത് നേതാവിനെ  കൊല്ലാൻ  ശ്രമിച്ചുവെന്നും ) കുറ്റം. ഷുക്കൂറിന് ഏതെങ്കിലും കോടതിയിൽ തൻറെ നിരപരാധിത്വം തെളിയിക്കാൻ അവസരം പോലും നല്കാതെ മുന്നൂറോളം മർക്സിസ്റ്റ്കാർ വഴിയിൽ തടഞ്ഞുവെച്ച്  ഫോട്ടോ മൊബൈലിൽ പകർത്തി ഫോട്ടോ മെസേജ് അയച്ച്  ഇവൻ തന്നെയാണോ സഖാവിനെ തടഞ്ഞത്  എന്ന് ചോദിച്ച്  "അതെ, അതെ" എന്ന സഖാവിൻറെ ഉറപ്പിന്മേല്ലായിരുന്നില്ലേ  ഷുക്കൂരിനെ പട്ടാപ്പകൽ പരസ്യമായി വെട്ടിക്കൊലപ്പെടുത്തിയത് . ആ വിധി പ്രഖ്യാപിച്ചത് ആരായിരുന്നു? പിബിക്ക്  പാർട്ടി കോടതിയുടെ കൊലവിധിയെക്കുറിച്ച് എന്ത് പറയാനുണ്ട് ?

മേമന് വർഷങ്ങളോളം തൻറെ ഭാഗം ന്യായീകരിക്കാനും തൻറെ നിരപരാധിത്വം തെളിയിക്കാനും കോടതി അവസരം നല്കിയിരുന്നു. 1993 ൽ  നടത്തിയ ഭീകരകുറ്റത്തിനു ഇന്ത്യൻ നീതിന്യായ കോടതി അന്തിമവിധി പ്രഖ്യാപിക്കുമ്പോഴെക്കും വർഷങ്ങളോളം ഇവിടെ ജീവിക്കാൻ ആ കൊടും ഭീകരന് അവസരം ലഭിച്ചു. ഇവിടെ മാർക്സിസ്റ്റ്‌ കോടതിയിൽ വാദവും വിചാരണയും ഒന്നുമില്ല. പാർട്ടി കോടതി തീരുമാനിക്കുന്നു, വിധി നടപ്പാക്കുന്നു പ്രതികളെ തീരുമാനിച്ച് നിമിഷങ്ങൾക്കകം .

ഏറ്റവും ഒടുവിൽ മോകേരിയിലെ കോണ്‍ഗ്രസ്‌ പ്രവർത്തകനായ ജയദീപിനെയും വധിക്കാൻ സിപിഎം കോടതി വിധിച്ചു. ചന്ദ്രശേഖരനെ വെട്ടിവീഴ്ത്തിയത് 51 വെട്ടുകളാണെങ്കിൽ ജയദീപിന്  81 വെട്ടുകളാണേറ്റത് . ആത്മബലത്തിന്റെയും ദൈവകാരുണ്യത്തിന്റെയും ബലത്തിൽ ജീവനോട്‌  മല്ലിട്ട്  ആ ചെറുപ്പക്കാരൻ ആസ്പത്രിയിൽ കഴിയുന്നു. എന്തിനു വേണ്ടിയാണ് ജയദീപിനെ കൊലപ്പെടുത്താൻ സിപിഎം കോടതി വിധിച്ചത്?

ഇനി പറയൂ സിപിഎം വധശിക്ഷക്ക് എതിരാണോ? തങ്ങൾക്ക്  ആരെയും വെട്ടാം, കൊല്ലാം. അതിനുവേണ്ടി ആയുധങ്ങൾ മൂർച്ച കൂട്ടാം . ബോംബ്‌ നിർമ്മിക്കാം . അതിനിടയിൽ ആരാച്ചാരാന്മാരും സ്വയം കൊല്ലപ്പെട്ടു. അത് ദൈവവിധിയാണ്. അത്തരം വിധികൾ ഇനിയും മാർക്സിസ്റ്റ്‌ കാരുടെ തലയ്ക്ക്  മുകളിൽ ദെമൊക്ലസിന്റെ വാളു പോലെ തൂങ്ങി നില്ക്കുന്നു.

തങ്ങളുടെ കുറെ സഖാക്കൾ വധശിക്ഷ കാത്ത് കിടക്കുന്നുണ്ട് അതുകൊണ്ടായിരിക്കാം ഇപ്പോൾ തങ്ങൾ വധശിക്ഷയ്ക്ക്  എതിരാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പറയുന്നത് . ഒരു മുൻ‌കൂർ ജാമ്യം. ഇത്തരം മുൻ‌കൂർ ജാമ്യഹർജി കൊണ്ടൊന്നും ഈ എടാകൂടത്തിൽ നിന്നും സിപിഎം രക്ഷപ്പെടാൻ പോകുന്നില്ല.

(31-07-2015 ലെ വീക്ഷണത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)