Thursday, November 17, 2011

രാജിക്ക് ശേഷം എന്ത്?

ഡി. സി. സി. പ്രസിഡന്റ്‌ സ്ഥാനം രാജി വെച്ചതിനു ശേഷം പലരും എന്നോട് ചോദിക്കുന്നു അടുത്ത പരിപാടി എന്താണ് എന്ന്? ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ കോണ്‍ഗ്രസ്‌ കാരനാണ്. പത്താം വയസ്സില്‍ 1952 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ വേണ്ടി വോട്ട് ചോദിക്കുവാനും സ്ഥാനാര്‍ഥിയുടെ അഭ്യര്‍ത്ഥന കത്തുമായി വീടുകള്‍ തോറും കയറിയിറങ്ങിയിട്ടുണ്ട്. പാര്‍ലെമെന്റ്  സ്ഥാനാര്‍ഥി സി.കെ.ജി. ക്ക് (സി.കെ  ഗോവിന്ദന്‍ നായര്‍) വേണ്ടി ഞാന്‍ ജാഥയില്‍ പങ്കെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്‌ അന്ന് മലബാറില്‍ തീരെ ദുര്‍ബ്ബലമായിരുന്നു. വലിയൊരു ഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ്‌ വിട്ട് കെ.എം.പി. യില്‍ (കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി) ചേര്‍ന്നിരുന്നു. ആചാര്യ ജെ. പി. കൃപലാനിയും കേരളത്തില്‍ കെ.കേളപ്പനുമായിരുന്നു അതിന്‍റെ നേതാക്കള്‍. കെ.എം.പി. കമ്മ്യുണിസ്റ്റ് പാര്‍ട്ടി യുമായി ഐക്യമുന്നണിയുമായിരുന്നു. പക്ഷെ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അതെ മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി എം. കെ. ജിനചന്ദ്രന്‍ ജയിച്ചുവെന്നത് ചരിത്രം.

എന്നെ സംബന്ധിച്ചിടത്തോളം എന്റേത് ഒരു കോണ്‍ഗ്രസ്‌ കുടുംബമാണ്. എന്റെ അച്ചന്‍ ആര്‍. കുഞ്ഞിരാമന്‍ മാസ്റ്ററും അമ്മ മാധവി ടീച്ചറും കോണ്‍ഗ്രസ്‌കാരായിരുന്നു. മൂത്ത ജ്യേഷ്ടന്‍ പി. ഗോപാലന്‍ ചെറുപ്പം മുതല്‍ തന്നെ സജീവ കോണ്‍ഗ്രസ്‌കാരനും. അദ്ദേഹം 1940 ലെ വ്യക്തി സത്യാഗ്രഹത്തിലും 1942 ലെ ക്വിറ്റ്‌-ഇന്ത്യ സമരത്തിലും പങ്കെടുത്ത് ജയില്‍ വാസം വരിച്ചു. പിന്നീട് അദ്ദേഹം ചിറക്കല്‍ മണ്ഡലം സെക്രട്ടറി യായും, കണ്ണൂര്‍  ഡി.സി.സി. സെക്രട്ടറി യായും,  1962 ല്‍ ഡി.സി. സി. പ്രസിഡന്റ്‌ ആയും പ്രവര്‍ത്തിച്ചു. 1960  - ല്‍ കമ്മ്യൂണിസ്റ്റ്‌ ചെങ്കോട്ടയായ മാടായി മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ്‌ നേതാവ് കെ.പി.ആര്‍. ഗോപാലനെ പരാജയപ്പെടുത്തി ചരിത്രം തിരുത്തിയെഴുതി. കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ സേവാദള്‍ ബോര്‍ഡ്‌ ചെയര്‍മാനായിരിക്കെ 1969 മെയ്‌ 20 ന് ഒരു കാര്‍ അപകടത്തില്‍ അദ്ദേഹം മരണപ്പെട്ടു. ഗോപാലേട്ടന്‍ അസാമാന്യ ധീരതയും നിര്‍ഭയത്വവും ആധര്‍ശനിഷ്ടയും പുലര്‍ത്തി ജനങ്ങളുടെ സ്നേഹാദരങ്ങള്‍ ചെറുപ്പം മുതലേ പിടിച്ചു പറ്റിയിരുന്നു. ഗോപാലേട്ടനും ആദര്‍ശ ധീരനായ സി.കെ.ജി.യുമായിരുന്നു എന്‍റെ  രാഷ്ട്രീയ മാര്‍ഗ്ഗദര്‍ശികള്‍. പേടിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിലും ഭേദം മരണമാണ് എന്നായിരുന്നു ഗോപാലേട്ടന്‍ പറഞ്ഞിരുന്നത്. ആറു മാസം പട്ടിയെ പോലെ ജീവിക്കുന്നതിലും ഭേദം ആറു നിമിഷം നരിയെപ്പോലെ ജീവിക്കണം എന്നായിരുന്നു ഗോപാലേട്ടന്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ആ കര്‍മ്മ ധീരത മരണം വരെ കൊണ്ട് നടക്കാന്‍ കഴിയണമേ എന്നാണ് എന്‍റെ പ്രാര്‍ത്ഥന.


അക്കാലത്ത് ചിറക്കല്‍ തമ്പുരാനോട്‌ പോലും പൊരുതിയ കര്‍മ്മ ധീരനായിരുന്നു എന്‍റെ അച്ഛന്‍. അനീതിക്കും അക്രമത്തിനും മുന്നില്‍ അദ്ദേഹം മുട്ടുമടക്കിയില്ല. അങ്ങിനെയുള്ള ഒരു പിതാവിന്‍റെ മകനായി പിറന്ന, ധീരനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ അനുജനായ എനിക്ക് എങ്ങിനെ അക്രമത്തോടും അനീതിയോടും അഴിമതിയോടും സന്ധി പറയാനാവും? അടുത്ത കാലത്തായി സംഘടനയ്ക്കകത്ത്  ഞാന്‍ നടത്തിയ പോരാട്ടത്തിന്‍റെ പ്രേരക ശക്തി എന്‍റെ വന്ദ്യ പിതാവും ജ്യേഷ്ഠ സഹോദരനുമാണ്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍  1958 - ല്‍ നടന്ന വിദ്യാര്‍ഥി സമരത്തില്‍ ഞാന്‍ അറസ്റ്റ് വരിച്ചിരുന്നു. 1959 ലെ വിമോചന സമരത്തില്‍ പങ്കെടുത്ത്  ഒരു മാസം ജയില്‍ വാസവും വരിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒട്ടനവധി തവണ പോലീസിന്‍റെയും കമ്മ്യൂണിസ്റ്റ്‌ കാരുടെയും മര്‍ദ്ദനങ്ങള്‍ക്കു ഇരയാവേണ്ടി വന്നു.


1965 - ല്‍ കണ്ണൂര്‍ ജില്ലാ അധ്ഹോക്ക് കമ്മിറ്റിയില്‍ ഞാന്‍ അംഗമായി. 1967 - ല്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയായി. 70 -ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി. 1967 -ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്റായ എ.കെ. ആന്റണി നയിച്ച പട്ടിണി ജാഥയില്‍ പങ്കെടുത്തു. 1971 - ല്‍ ഡി. സി. സി. സെക്രട്ടറിയായി. 1969 - ല്‍ കോണ്‍ഗ്രസ്‌ പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധി യോടൊപ്പം ആയിരുന്നു. എന്നാല്‍ 1978 - ലെ പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിക്കെതിരായിരുന്നു. 1981 - ല്‍ ഡി.സി.സി. (യു) പ്രസിഡന്റായി. പിന്നീട് ഡി.സി.സി.(എസ്) പ്രസിഡന്റായി 1986 - വരെ പ്രവര്‍ത്തിച്ചു. 1982 - ല്‍ പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ (എസ്) സ്ഥാനാര്‍ഥിയായി മത്സരിച്ചു. അന്ന് വെറും 126  വോട്ടുകള്‍ക്ക്  പരാജയപ്പെട്ടു.


1986 - ല്‍ കോണ്‍ഗ്രസ്‌ (എസ്) കോണ്‍ഗ്രസ്‌ (ഐ) യിലേക്ക് ലയിച്ചപ്പോള്‍ ശരത് പവാറിനോപ്പം പാര്‍ട്ടി യിലേക്ക് തിരിച്ചു വന്നു. 1987 - ലും 1991 - ലും കോണ്‍ഗ്രസ്‌ (ഐ) സ്ഥാനാര്‍ഥിയായി കൂത്ത്‌പറമ്പില്‍  മത്സരിച്ചു. അതിനിടയില്‍ കെ.പി.സി.സി. നിര്‍വാഹക സമിതി അംഗമായി. കണ്ണൂര്‍ ഡി.സി.സി. വൈസ്-പ്രസിഡന്റായും കുറച്ചു കാലം പ്രവര്‍ത്തിച്ചു. 2007 - ഫെബ്രുവരി 3 - നാണ് കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധി ഞാനുള്‍പ്പെടെ 14  പേരെ ഡി.സി.സി. പ്രസിഡണ്ട്‌ മാരായി നിയമിക്കുനത്. കഴിഞ്ഞ മാസം 8 -നു ഡി.സി.സി. പ്രസിഡണ്ട്‌ സ്ഥാനം രാജി വെയ്ക്കുന്നത് വരെ ആത്മാര്‍ഥതമായും സത്യസന്ധമായും  ആ സ്ഥാനത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ഞാന്‍ പ്രവര്‍ത്തിച്ചു. അടുത്ത കാലത്തുണ്ടായ സംഭവ വികാസങ്ങളൊക്കെ എല്ലാവര്‍ക്കും അറിയുന്നത് കൊണ്ട് ഞാന്‍ വിശദീകരിക്കുന്നില്ല.


കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്‍റെ മഹിതമായ പാരമ്പര്യത്തെയും ആദര്‍ശ ഭാസുരമായ കര്‍മ്മ ധീരതയും തമസ്ക്കരിച്ചും തിരസ്ക്കരിച്ചും ഒരു കൂട്ടം ഗുണ്ടാ സംഘമാണ് പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. അവര്‍ക്കൊരിക്കലും കോണ്‍ഗ്രസ്‌ സംസ്ക്കാരമോ പാരമ്പര്യമോ ഇല്ല. സ്വാര്‍ത്ഥ താല്പര്യങ്ങളും ദുര്‍മോഹങ്ങളും ആണ് അവരെ നയിക്കുന്നത്. അവരുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളോട് സന്ധി ചെയ്യാതെ നിര്‍ഭയമായ പോരാട്ടമാണ് ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയെ ഉപയോഗിച്ച് ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്നവരുടെ ദുഷ്ട മോഹങ്ങള്‍ക്ക് വഴങ്ങാന്‍ ഞാന്‍ തയ്യാറല്ല.


1973 - ല്‍ ഞാന്‍ തുടങ്ങിയ `പടയാളി' സായാഹ്ന ദിനപത്രം എന്‍റെ പോരാട്ടത്തിന്‍റെ ഭാഗമാണ്. `പടയാളി' യിലെഴുതിയ മുഖ പ്രസംഗങ്ങളുടെ തെരഞ്ഞെടുത്ത സമാഹാരം `സത്യം ധീരമായി' എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. `പടയാളി'ക്ക് ശേഷം ഞാന്‍ പ്രസിദ്ധീകരിച്ച `ദേശമിത്രം' വാര്‍ത്ത വാരിക പുന പ്രസിദ്ധീകരിക്കാനും ഉദ്ദേശമുണ്ട്. അതോടൊപ്പം കോണ്‍ഗ്രസില്‍ സജീവമായിത്തന്നെ ഞാന്‍ ഉണ്ടാവും. രാജിക്ക് ശേഷം ഇനിയെന്ത് എന്ന പലരുടെയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണിത്. പാര്‍ട്ടിയില്‍ എന്തെങ്കിലും സ്ഥാനം നേടിയെടുക്കുക എന്നത് എന്‍റെ ലക്ഷ്യമല്ല. സ്ഥാനം തരുന്നതും തരാതിരിക്കുക എന്നതും നേതൃത്വത്തിന്റെ തീരുമാനം ആണ്. അതൊന്നും എന്‍റെ വിഷയമല്ല. അതെന്തായാലും മരിക്കുന്നത് വരെ ഞാന്‍ സാധാരണ ഒരു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായിരിക്കും.



8 comments:

  1. ബ്ലോഗ് വായിച്ചു. ഒരു കമന്റ് എഴുതാമെന്ന് കരുതി. ടൈപ്പ് ചെയ്ത് വന്നപ്പോള്‍ സാമാന്യം നീണ്ടുപോയി. അത്കൊണ്ട് അത് താങ്കള്‍ക്ക് ഒരു തുറന്ന കത്തായി എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. അതിന്റെ ലിങ്ക് ഇവിടെ പതിപ്പിക്കുന്നതില്‍ ക്ഷമിക്കണം. സമയം കിട്ടുകയാണങ്കില്‍ വായിക്കണം എന്ന അഭ്യര്‍ത്ഥനയോടെ,

    http://kpsukumaran.blogspot.com/2011/11/blog-post_21.html

    ReplyDelete
  2. പ്രിയ രാമകൃഷ്ണന്‍,താങ്കള്‍ സ്വയം എത്രതനെ മഹ്വതവല്കരിച്ചാലും അങ്ങ് ചെയ്തത് കണ്ണൂരിലെ, കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തെ,വഞ്ചിക്കുകയാണ്. നൂറുകണക്കിന് പ്രവര്തക്കാര്‍,ജീവന്‍ നല്കീ പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെയും അതിന്റെ എക്കാലതെയം വലിയ അമരക്കാരന്‍, കെ സുധാകരനെയം, കണ്ണൂരിലെ ജയരാജന്‍മാരുടെ ഭാഷയില്‍ അധിക്ഷേപിച്ച താങ്കള്‍, കണ്ണൂരിലെ, ഡി സി സി യുടെ അമരത്ത്‌ ഇരുന്നത്, പ്രസ്ഥാനത്തിന്റെ, ചരിത്രത്തിലെ, കറുത്ത അധ്യായം തനെ

    ReplyDelete
  3. അബ്ദുള്ളക്കുട്ടിയെ മാറ്റി കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ്‌ കൊടുത്തിരുന്നെങ്കില്‍ പി രാമകൃഷ്ണന്റെ ഈ ആദര്‍ശ പ്രസംഗം ഉണ്ടാവുമായിരുന്നില്ല . നിരാശ ബാധിച്ച ഒരു വൃദ്ധ നേതാവായി മാത്രം പി രാമകൃഷ്ണന്‍ മാറി എന്നത് അടുത്ത കാലത്തെ അദ്ധേഹത്തിന്റെ ടി വി ചാനലുകളിലെ പ്രസ്താവനകളിലെ ഭാഷ പരിശോധിച്ചാല്‍ മനസ്സിലാകും ..

    ReplyDelete
  4. താങ്കളുടെ ഇപ്പോഴെത്തെ നിലപാടിനോട് യോജിപ്പില്ലെങ്കിലും, അബ്ദുള്ള കുട്ടിയെക്കാളും കോണ്‍ഗ്രസ്‌ പാര്യബര്യവും രാഷ്ട്രീയ പാര്യബര്യവുമുള്ള താങ്കള്‍ക്കു പാര്‍ട്ടി കണ്ണൂര്‍ സീറ്റു നല്‍കണം എന്ന അഭിപ്രായം ഉണ്ട്.

    ReplyDelete
  5. അറിയാഞ്ഞിട്ടു ചോദിക്കുവ .. താങ്കളെ ഒരു സിപിഎം കാരനും ഇത് വരെ വന്നു തടഞ്ഞില്ലേ.കോണ്‍ഗ്രസിന്‌ ഇത്രയൊക്കെ പ്രവര്‍ത്തനം നടത്തിയിട്ടും താങ്കളെ ദ്രോഹിക്കാത്ത സിപിഎം മറ്റു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ദ്രോഹിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ ? സമീര്‍ കൊലപാതകത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ പോലീസെ സ്റ്റേഷന്‍ മാര്‍ച്ചില്‍ ലാത്തി ചാര്‍ജ് തുടങ്ങും മുന്‍പേ കാറില്‍ ഓടിക്കയറി എങ്ങോട്ടെങ്ങിലും വിട്ടോ എന്ന് പാര്ഞ്ഞത് തങ്ങളുടെ അച്ഛന്റെ ധീരതയും ഏട്ടന്റെ ധീരതയും താങ്കള്‍ക്ക് ലവലേശം കിട്ടിയില്ല എന്നതിന് തെളിവായി . ചെയ്തു തന്ന ഉപകാരങ്ങള്‍ക്കു നന്നിയുണ്ട് .

    ReplyDelete
  6. AADARSHA RAASHTREEYATHINTE KAAVALAALAAYA......SATHYAM,URAKKE,URAPPICHU, AAVARTHICHU DHEERAMAAYI PARAYUNNA, BHAARATHANAADINTE DHEERANAAYA PADAYAALI, SRI. P. RAAMAKRISHNANTE MUNNOTTULLA PRAYAANATHIL SADHAIRYAM NHANGALUM ANICHERUNNU.......

    ReplyDelete